പാവയ്ക്കാ:
ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന അർബുദത്തിന് പാവയ്ക്ക നീര് സിദ്ധൗഷധമെന്ന് കണ്ടത്തൽ. ഇന്ത്യയിലെയും ചൈനയിലെയും പരമ്പരാഗത വൈദ്യശാസ്‌ത്രത്തിൽ പ്രമേഹത്തിന് മരുന്നായി പാവയ്ക്ക നീര് ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കി കൊളറാഡോ സർവകലാശാലയിലെ കാൻസർ സെന്ററിൽ ഇന്ത്യൻ വംശജനായ പ്രഫസർ രാജേഷ് അഗർവാളിന്റെ നേതൃത്വത്തിൽ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തൽ. ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന കാൻസർ കോശങ്ങൾ ഗ്ലൂക്കോസിൽ നിന്ന് ഉപാചയത്തിലൂടെ ഊർജം സ്വീകരിക്കുന്നത് തടയാനും അങ്ങനെ അതിന്‍റെ നാശത്തിനും പാവയ്ക്കാ നീരിന് കഴിയുന്നതായി ഗവേഷണത്തിൽ കണ്ടെത്തി. കാൻസർ കോശങ്ങൾ ഊർജത്തിന് പ്രധാനമായും ഗ്ലൂക്കോസിനെയാണ് ആശ്രയിക്കുന്നത്. മറ്റു തരത്തിൽ ഊർജം ഉല്പാദിപ്പിക്കാൻ ഇവയ്ക്കു പ്രയാസമാണു താനും.ഇന്ത്യക്കാരിൽ ലക്ഷത്തിൽ ഒരാൾക്ക് ആഗ്നേയ ഗ്രന്ഥി അർബുദം ഉണ്ടാകുന്നുണ്ട്. ഏറ്റവും മാരകമായ അർബുദങ്ങളില്‍ ഒന്നാണിത്. പാവയ്ക്ക നീരിന്‍റെ പുതിയ ഉപയോഗം ആഗ്നേയ ഗ്രന്ഥി അർബുദം ബാധിച്ചവർക്ക് ഏറെ ആശ്വാസം നൽകുന്ന വാർത്തയാണ്
രുചികൊണ്ടും രൂപംകൊണ്ടും ആകര്‍ഷകമല്ലാതിരുന്നിട്ടും വിഭവങ്ങളില്‍ പ്രധാനിയാവാന്‍ ഭാഗ്യമുള്ള പച്ചക്കറിയാണ് പാവയ്‌ക്ക. വ്യത്യസ്‌തമായ നിരവധി വിഭവങ്ങളാണ് പാവയ്‌ക്കകൊണ്ട് ഉണ്ടാക്കുന്നത്. പാവയ്‌ക്ക ഉപ്പേരി, അവിയല്‍, തീയല്‍ തുടങ്ങി നാവില്‍ രുചിയൂറുന്ന വിഭവങ്ങളായി പാവയ്‌ക്ക മലയാളിയുടെ തീന്‍മേശയിലെത്തുന്നു. പാവയ്‌ക്ക ചെറു കഷണങ്ങളാക്കി മുറിച്ച് വേവിച്ച് ഉണക്കി തയാറാക്കുന്ന കൊണ്ടാട്ടം ഏതവസരത്തിലും ഉപയോഗിക്കാവുന്ന വിഭവമാണ്. കയ്‌പുരസമുണ്ടെങ്കിലും വിഭവമായി എത്തുമ്പോള്‍ അതു രുചികരമാകുന്നു. പാവയ്‌ക്ക അച്ചാര്‍ മലയാളിക്ക് എന്നും പ്രിയങ്കരമാണ്. പാവയ്‌ക്ക, നാളികേരം, ഉള്ളി, വെളുത്തുള്ളി, മുളക്, പുളി, ഉപ്പ് ഇവപാകത്തിനു ചേര്‍ത്ത് തയാറാക്കുന്ന ചമ്മന്തി ദഹനത്തെ സഹായിക്കുന്നു. രുചിയിലും ബഹുകേമം തന്നെ.
പാവയ്‌ക്ക രോഗശമനത്തിന് മുന്നിലാണ്. പാവയ്‌ക്കയുടെ കയ്‌പുരുചിതന്നെ മരുന്നാണ്. പാവല്‍ ഇല, പാവയ്‌ക്കാ കുരു ഇവ ഔഷധമായി ഉപയോഗിക്കുന്നു. അമിത വണ്ണത്തിനും പ്രമേഹത്തിനും പാവയ്‌ക്കയുടെ ഉപയോഗം ഫലപ്രദമാണ്. പാവലിന്റെ ഇല ഉണക്കിപ്പൊടിച്ച് ഒരു ടീസ്‌പൂണ്‍ വിതം 2 നേരം സേവിച്ചാല്‍ ദുര്‍മേദസ് കുറയുന്നു. പ്രമേഹമുള്ളവര്‍ 2 ഔണ്‍സ് പാവയ്‌ക്കാ നീര് തേന്‍ ചേര്‍ത്ത് കവിള്‍കൊള്ളുന്നത് തൊണ്ടയിലെ അണുബാധയ്‌ക്കും വായ്‌പ്പുണ്ണിനും നല്ലതാണ്. ജീവിതശൈലി രോഗങ്ങളായ പ്രമേഹം, ഹൃദ്രോഗം, കൊളസ്‌ട്രോള്‍ ഇവ നിയന്ത്രിക്കുന്നതിനും ആയുര്‍വേദ ഔഷധങ്ങളിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നു.പാവയ്‌ക്കയും അരയാലിലയും ചതച്ച് മോരില്‍ കലക്കി ദിവസവും കഴിച്ചാല്‍ അര്‍ശസിന് ശമനം ലഭിക്കും. പാവയ്‌ക്കയുടെ നീരും ഞാവല്‍ പഴവും ചേര്‍ത്ത് (60 മില്ലി വീതം 2 നേരം) സേവിച്ചാല്‍ രക്‌തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സാധിക്കും. ഞാവല്‍ക്കുരുവും പാവയ്‌ക്കാക്കുരുവും പൊടിച്ചുചേര്‍ത്ത് ഒരു ടീസ്‌പൂണ്‍ വീതം ചൂടുവെള്ളത്തില്‍ രണ്ടുനേരം സേവിച്ചാല്‍ അമിത വണ്ണം നിയന്ത്രിക്കാം.







