RBI SCRAPPED 500,1000 RS


INDIAN RS 500 ,1000 SCRAPPED RBI.

         കേന്ദ്ര സര്‍ക്കാര്‍ കള്ളപ്പണം തടയാന്‍ വേണ്ടി 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി രാജ്യത്തിന്‍റെ പല കോണുകളില്‍ നിന്നും അനുകൂലിച്ചും ,പ്രതികൂലിച്ചും ഇപ്പോഴും വാഗ്വാദങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. അനുകൂലിക്കുന്നവര്‍ മഹത്തരമായ തീരുമാനം എന്ന് വിധിയെഴുതിയപ്പോള്‍, പ്രതികൂലിക്കുന്നവര്‍  ശുദ്ധ അസംബന്ധം എന്നാണ് പ്രതികരിച്ചത്. രാജ്യത്ത് കള്ളനോട്ടുകളുടെ വിതരണം വലിയ തോതില്‍ നടക്കുന്നുണ്ടെന്നും, ഇതു ഭീകരവാദ പ്രവര്‍ത്തനത്തിന് വരെ വന്‍ തോതില്‍ ഉപയോഗിക്കുന്നുണ്ടെന്നും സര്‍ക്കാരിനു വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഈ അടിയന്തിര നടപടി. എന്നാല്‍ ഈ ഒരു നടപടി സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നും, ഇതുമൂലം യാതൊരുവിധ പ്രയോജനവും ഉണ്ടാകില്ല എന്നും, പെട്ടന്നുള്ള നിരോധനം വലിയ സാമ്പത്തിക സ്തംഭനത്തിന് വഴിയൊരുക്കുമെന്നും, ജനങ്ങളെ തെറ്റി ധരിപ്പിക്കാന്‍ വേണ്ടി ആണെന്നുമുള്ള പ്രസ്താവനകള്‍ ജനങ്ങളെ ആശങ്കയില്‍ ആഴ്തിയിരിക്കുകയാണ്. എന്നാല്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ രണ്ടാഴ്ചയോ, ഒരു മാസമോ സമയം നല്‍കാമായിരുന്നു എന്നും, ലക്ഷക്കണക്കിന്‌ രൂപയ്ക്ക് തത്തുല്യമായ ചെറു നോട്ടുകള്‍ ലഭ്യമല്ലാത്തതും,രാജ്യത്ത് കറന്‍സി ക്ഷാമം അനുഭവപ്പെടും എന്നും സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. എന്തായാലും രാജ്യത്ത് ചര്‍ച്ചകള്‍ ചൂട് പിടിക്കുകയാണ്.

                                        സാധാരണ ജനങ്ങള്‍ മുതല്‍ എല്ലാവര്‍ക്കും ഉണ്ടായേക്കാവുന്ന ഒരു സംശയം ആണ് കയ്യിലുള്ള നോട്ടുകള്‍ ഇനി എന്ത് ചെയ്യും...
                                                    പഴയ നോട്ടുകള്‍ നവംബര്‍ 10 മുതല്‍ ഡിസംബര്‍ 30 വരെ മാറ്റിയെടുക്കാം. ബാങ്കുകള്‍,പോസ്റ്റ്‌ ഓഫീസുകള്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നോ മാറ്റിയെടുക്കുകയോ, ബാങ്കുകളില്‍ നിക്ഷേപിക്കുകയോ ചെയ്യാം. അതുപോലെ ട്രെയിന്‍ ടിക്കറ്റ്‌,ബസ്‌ ടിക്കറ്റ്‌,ഫ്ലൈറ്റ് ടിക്കറ്റ്‌ എന്നിവയ്ക്ക് ഈ നോട്ടുകള്‍ ഉപയോഗിക്കാം. പെട്രോള്‍ പമ്പുകളില്‍ 500 രൂപാ നോട്ടുകള്‍ നല്‍കാവുന്നതാണ്.പൊതു മേഖലാ സ്ഥാപനങ്ങള്‍, മില്‍ക്ക് ബൂത്തുകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും നോട്ടുകള്‍ സ്വീകരിക്കുന്നതാണ്. ആശുപത്രികളില്‍ വെള്ളിയാഴ്ച വരെ അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ നല്‍കാവുന്നതാണ്. വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവര്‍ക്ക്  5000 രൂപാ വരെയുള്ള പഴയ നോട്ടുകള്‍ മാറാവുന്നതാണ്. ഒരു ദിവസം 10,000 രൂപയും, ഒരു ആഴ്ചയില്‍ 20,000 രൂപയും മാത്രമേ  ATM -ല്‍ നിന്നും പിന്‍വലിക്കാന്‍ കഴിയുകയുള്ളൂ. ഓണ്‍ലൈന്‍ വഴി പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് തടസം ഉണ്ടായിരിക്കുകയില്ല. ഇതുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി ധനകാര്യ മന്ത്രാലയം ടോള്‍ ഫ്രീ നമ്പര്‍ തുറന്നിട്ടുണ്ട്. 022 22602201, 22602944. ഈ നമ്പരിലും, ആര്‍.ബി.ഐ. ടോള്‍ ഫ്രീ നമ്പര്‍ 011 23093230. എന്നീ നമ്പരിലും ( നാളെ മുതല്‍ പത്തു ദിവസത്തേക്ക് 24 മണിക്കൂറും കണ്ട്രോള്‍ റൂം നമ്പര്‍ പ്രവര്‍ത്തനക്ഷമാണ്.)  വിളിച്ചു പരാതി പരിഹരിക്കാവുന്നതാണ്. അതേസമയം രാജ്യത്ത് നാളെയും ബാങ്കുകള്‍ അവധി ആയിരിക്കുമെന്നും, അതിനാല്‍ നവംബര്‍ 12 ശനിയാഴ്ചയും, നവംബര്‍ 13 ഞായറാഴ്ചയും ബാങ്ക് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ് എന്നും റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.
( ഓര്‍മകളിലേക്ക് ..)

 @നോട്ട് പിന്‍വലിക്കല്‍ എന്ത് ?. എന്തിന് ?...
                                      ഉയര്‍ന്നതുകയ്ക്കുള്ള കള്ളനോട്ടുകള്‍ രാജ്യത്ത് കൂടിവരുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സാധാരണക്കാരെ സംബന്ധിച്ച് യഥാര്‍ത്ഥ നോട്ടും വ്യാജ നോട്ടും തമ്മില്‍ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കും, നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കും ആയി കൂടുതലും ഉയര്‍ന്ന തുകയ്ക്കുള്ള 500, 1000 നോട്ടുകള്‍ ആണ് ഉപയോഗിക്കുക. കള്ളനോട്ടും, കള്ളപ്പണവും രാജ്യത്ത് അധികരിച്ച സാഹചര്യത്തിലാണ് നോട്ടുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പദ്ധതി രൂപീകരിച്ചത്. ഏകദേശം 500 കോടിയുടെ കള്ളപ്പണം പാകിസ്ഥാനില്‍ നിന്നും എത്തിപ്പെടാന്‍ പോകുന്നു എന്ന ഇന്‍റെലിജെന്‍റ്സ്  വാര്‍ത്തയെതുടര്‍ന്നാണ് പെട്ടന്നുള്ള ഈ നടപടി. ഈ പദ്ധതി അനുസരിച്ച് 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി. ഇതു പ്രകാരം സാമ്പത്തിക ഇടപാടുകള്‍ക്കോ  ഭാവിയിലെ ഉപയോഗത്തിനോ ഈ നോട്ടുകള്‍ ഉപയോഗിക്കാന്‍ ആവില്ല. ഈ നോട്ടുകള്‍ റിസര്‍വ് ബാങ്കിന്‍റെ 19 ശാഖകളില്‍ നിന്നോ, ബാങ്കുകളില്‍ നിന്നോ, പോസ്റ്റ്‌ ഓഫീസില്‍ നിന്നോ മാറ്റി വാങ്ങാവുന്നതാണ്. എത്രതുക നിക്ഷേപിച്ചാലും 4000 രൂപാ മാത്രമേ പണമായി കയ്യില്‍ ലഭിക്കുകയുള്ളൂ. ബാക്കി പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ വരവ് ചെയ്യപ്പെടും. ബാങ്കില്‍ ഉള്ള ബാക്കി തുക ചെക്ക് വഴിയോ, ഇന്‍റെര്‍നെറ്റ് ബാങ്കിംഗ് , ഡെബിറ്റ്, ക്രെഡിറ്റ്‌ കാര്‍ഡുകള്‍, ഓണ്‍ലൈന്‍ ബാങ്കിംഗ് മുഖേനയോ വിനിയോഗിക്കാം.
@ ബാങ്ക് അക്കൗണ്ട്‌ ഇല്ലെങ്കില്‍ എന്ത് ചെയ്യും.?   
                                              ആവശ്യമായ രേഖകളുമായി ബാങ്കിനെ സമീപിച്ച് അക്കൗണ്ട്‌ തുറക്കാവുന്നതാണ്. 4,000 രൂപയുടെ പണമിടപാടിനു കൃത്യമായ തിരിച്ചറിയല്‍ രേഖയുമായി ഏത് ബാങ്കിന്‍റെ ശാഖയിലും പോകാവുന്നതാണ്. 4,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടിന് അതാത് അക്കൗണ്ടിലേക്ക് ക്രെഡിറ്റ്‌ ചെയ്യപ്പെടുന്നതിന് നിങ്ങള്‍ക്ക് അക്കൗണ്ട്‌ ഉള്ള അതേ ശാഖയിലോ, അതേ ബാങ്കിന്‍റെ മറ്റ് ശാഖയിലോ പോകാവുന്നതാണ്. നിങ്ങള്‍ക്ക് അക്കൗണ്ട്‌ ഇല്ലാത്ത ബാങ്കിലാണ് പോകുന്നതെങ്കില്‍ ഫണ്ട്‌ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള വിവരങ്ങളും, തിരിച്ചറിയല്‍ രേഖകളും കയ്യില്‍ കരുതേണ്ടതാണ്. അക്കൗണ്ട്‌ ഉള്ള ബാങ്കിന്‍റെ ഏത് ശാഖയിലും ഇടപാട് നടത്താവുന്നതാണ്. അത് മാത്രമല്ല സ്വന്തമായി അക്കൗണ്ട്‌ ഇല്ലാത്തവര്‍ക്ക് തങ്ങളുടെ ബന്ധുക്കളുടെയോ, സുഹൃത്തിന്‍റെയോ അക്കൗണ്ടിലേക്ക് മാറിയ പണം നിക്ഷേപിക്കുന്നതിനായി അവര്‍ എഴുതി തയ്യാറാക്കിയ സമ്മതപത്രം സമര്‍പ്പിക്കേണ്ടതായുണ്ട്.പണം നിക്ഷേപിക്കുന്ന അവസരത്തില്‍ ഈ സമ്മതപത്രവും, താങ്കളുടെ തിരിച്ചറിയല്‍ രേഖയും നല്‍കേണ്ടതുണ്ട്.
@ചെക്ക് , ATM  എന്നിവയിലൂടെ എങ്ങനെ പണം പിന്‍വലിക്കാം.?       
                                              പണം പിന്‍വലിക്കല്‍ സ്ലിപ്പ്, ചെക്ക്‌ എന്നിവ ഉപയോഗിച്ച് ദിവസം പരമാവധി 10,000 രൂപയും, ആഴ്ചയില്‍ 20,000 രൂപ വരെയും പിന്‍വലിക്കാം. 2016 നവംബര്‍ 24 വരെയാണ് ഈ നിയന്ത്രണം. ATM സേവനങ്ങള്‍ പൂര്‍വ്വ സ്ഥിതിയില്‍ ആകാന്‍ ബാങ്കുകള്‍ക്ക് അല്‍പം സാവകാശം ആവശ്യമായതിനാല്‍ 2016 നവംബര്‍ 18 വരെ ദിവസം 2,000 രൂപയും. നവംബര്‍ 19 മുതല്‍ ദിവസം 4,000 രൂപയും എടുക്കാന്‍ സാധിക്കും. എന്നാല്‍ ആഴ്ചയില്‍ 20,000 രൂപയില്‍ കൂടുതല്‍ ലഭ്യമാകുന്നതല്ല. പിന്‍വലിക്കപ്പെട്ട നോട്ടുകള്‍ ATM, കാഷ് ഡപ്പോസിറ്റ് മെഷിന്‍ എന്നിവ ഉപയോഗിച്ച് തിരിച്ചു നല്‍കാന്‍ കഴിയുന്നതാണ്. ആശുപത്രി, ബസ്‌, ട്രെയിന്‍, വിമാനം, എന്നിവയ്ക്കായി 72 മണിക്കൂര്‍ സമയം വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാവുന്നതാണ്.
@എന്തൊക്കെയാണ് തിരിച്ചറിയല്‍ രേഖകള്‍.? 
                                                 ആധാര്‍ കാര്‍ഡ്‌, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്‌, പാസ്പോര്‍ട്ട്‌, വോട്ടര്‍ ഐഡി കാര്‍ഡ്‌, തൊഴിലുറപ്പുപദ്ധതി കാര്‍ഡ്‌, സര്‍ക്കാര്‍ ഓഫീസുകളിലെ തിരിച്ചറിയല്‍ കാര്‍ഡ്‌, പൊതുമേഖലാ സ്ഥാപനങ്ങളിലെ തിരിച്ചറിയല്‍ കാര്‍ഡ്‌ എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. കൂടുതല്‍ വിവരങ്ങള്‍..www.rbi.org.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.   

                                   ( പൊതു ജന താല്‍പര്യാര്‍ത്ഥം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.)

( NB: ഇനിയും കൈകളിലേക്ക്.. )                                                                                       മനു ആര്‍ മുതുകാട്ടുകര.